Tuesday, December 28, 2010

എന്നോടിതു വേണ്ടാരുന്നു നാരാണേട്ടാ..

1996 ഏപ്രില്‍ ഫൂളിന്റെ അന്നാണ് കേരളത്തിലെ മദ്യപരുടെ മുഴുവന് ഗ്ലാസില് മണ്ണ് വാരിയിട്ടുകൊണ്ട് നമ്മുടെ സ്വന്തം അന്തോണിച്ചന്‍ ചാരായ നിരോധനം കൊണ്ടുവന്നത്. എന്റെ അയല്വക്കത്തെ   കുമാരേട്ടന്‍ സ്വന്തം വാമഭാഗം ദിവംഗതയായപ്പോള് പോലും ഇത്രേം വിഷമിച്ചിട്ടുണ്ടാകില്ല (സത്യത്തില്‍ ഭാര്യ മരിച്ചപ്പോ പുള്ളി ഒരു ഫുള്‍ ഓ പി ആറു പൊട്ടിച്ചു ആഘോഷിച്ചു എന്നാണറിവ്!).

എന്തായാലും ചാരായ നിരോധനം കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയില്ലെങ്കിലും ഞങ്ങളുടെ നാട്ടിലെ വേറെ ഒരു പ്രശ്നത്തിന് ഒരു വലിയ പരിഹാരം കാണാന്‍ അതിനു സാധിച്ചു. തൊഴിലില്ലായ്മ കുറെ ഒക്കെ കുറക്കാന്‍ ചാരായ നിരോധനത്തിന് സാധിച്ചു എന്നുള്ളത് ഞങ്ങളുടെ നാട്ടിലെ അനുഭവം വെച്ച് വളരെ ശരിയാണ്!

അതുവരെ കലുങ്കിന്റെ മോളിലും കൊടിമരത്തിന്റെ താഴെയും തമ്പടിച്ചു നാട്ടിലെ മുഴുവന്‍ പെമ്പിള്ളെരുടെയും പ്രശ്നങ്ങള്‍ എന്താണെന്നു വളരെ കൂലങ്കഷമായി ചര്‍ച്ച ചെയ്യുകയും അതിന്റെ പരിഹാര മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന് ആപ്പിള് തലയില് വീണ ഐസക് ന്യുട്ടനെപോലെ തല പുകച്ചും തല കുത്തിം ആലോചിച്ചിരുന്ന യുവ തലമുറ പുതിയ ഒരു ജോലി സാധ്യത കണ്ടു അതിലേക്കു ചാടി വീണു.

അങ്ങനെ ഞങ്ങളുടെ നാട്ടിലെ കുറെ ചെറുപ്പക്കാര് വളരെ പെട്ടന്ന് തൊഴില്‍രഹിതന്‍ എന്ന നിലയില്‍ നിന്ന് ഇമ്പോര്‍ട്ട് & റീടെയില്‍ ബിസിനെസ്സ് നടത്തുന്നവരായി മാറി. അതായതു കര്‍ണാടകത്തില്‍ വളരെ സുലഭമായി കിട്ടുന്ന കാട്ടി അഥവാ മൂലവെട്ടി എന്നൊക്കെ അറിയപ്പെടുന്ന പാക്കറ്റ്‌ ചാരായം അവിടുന്ന് ഞങ്ങളുടെ നാട്ടിലേക്ക്‌ ഇറക്കുമതി ചെയ്യുന്ന ഇമ്പോര്‍ട്ടെഴ്സ്. ഈ പുതിയ വ്യാപാരം തഴച്ചു വളര്‍ന്നു നാട്ടിലെ പാമ്പുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു.

ഞാന്‍ വീട്ടില്‍ നിന്നും ഞങ്ങളുടെ കൊച്ചു ടൌണിലേക്ക് പോകുന്ന വഴിക്കാണ് ഇതില്‍ ഒരു പാമ്പായ നാരായണേട്ടന്റെ വീട്. കക്ഷി ആളു ഒരു പാവമൊക്കെയാണെങ്കിലും പൂസായാല്‍ പിന്നെ വയെടുത്താ തെറിയെ പറയു. (പൂസായില്ലെങ്കില്‍ വയെടുതില്ലെന്കിലും തെറിയെ പറയു!). പക്ഷെ ആളൊരു പരോപകാരി ആയതുകൊണ്ട് പുള്ളിയുടെ തെറി ആരും ഗൌനിക്കാറില്ല. വൈകുന്നേരമായാല്‍ ഞങ്ങളൊക്കെ പുള്ളിയുടെ മുന്നില്‍ ചെന്ന് പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചാണ് നടക്കുക. ചെന്ന് പെട്ടാല്‍ ജഡ്ജസിന്റെ മുന്നില്‍ പെട്ട സ്റ്റാര്‍ സിങ്ങറിന്റെ അവസ്ഥയായിരിക്കും. അതായതു അങ്ങോട്ട്‌ ഒന്നും തിരിച്ചു പറയാന്‍ പറ്റാതെ പുള്ളി പറയുന്ന വിവരക്കേട് എല്ലാം കേട്ട് കൊണ്ട് നിക്കണം. ഒപ്പം തെറിയും!

ഒരു ദിവസം സന്ധ്യക്ക് സ്ഥിരം ക്വോട്ടയുടെ കൂടെ രണ്ടെണ്ണം കൂടുതല്‍ വിട്ടു നില്‍ക്കുന്ന നാരായണേട്ടന്റെ മുന്നില്‍ ഞാന്‍ അബദ്ധത്തില്‍ ചെന്നു ചാടി. കാല് പിണച്ചു വെച്ച് വീട്ടുമുറ്റത്തെ മൈസൂര്‍ പൂവന്‍ വാഴക്കു ചാരി ഒരു ചോദ്യ ചിഹ്നം പോലെ നിക്കുവാരുന്ന നാരാണേട്ടനോട്‌ ഞാന്‍ ചോദിച്ചു
“എന്നാ ഉണ്ടു നാരാണേട്ടാ വിശേഷം?”
“നീ ആരാടാ(ഴാ) എന്റെ വിശേഷം ചോദിക്കാന്‍ ................മോനേ”
ശ്ശോ വേണ്ടാരുന്നു, വെറുതെ വാഴേ ചാരിയ നാരാണേട്ടന്റെ വായിലിരുന്നത് എടുത്തു വേണ്ടാത്തിടത്ത് വെച്ചു!
പിന്നെ ഒരു സമാധാനം നാരാണേട്ടന്‍‍ എന്നെ മോനേ എന്നല്ലേ വിളിച്ചോള്ളൂ, അച്ഛനോട് എന്തേലും ദേഷ്യം കാണും അതാ അച്ഛനെ ചീത്ത പറഞ്ഞത്‌! ഇനിം നിന്ന്‍ അച്ഛനെ കൂടുതല്‍ ചീത്ത കേള്പ്പി്ക്കണ്ട എന്നോര്ത്ത് ഞാന്‍ ‍ മെല്ലെ വലിയാനുള്ള പരിപാടി നോക്കി. ചുറ്റുവട്ടം ഒക്കെ ഒന്ന് നോക്കി, (ആരേലും കണ്ടോ എന്നറിയണൂലോ.... ഇല്ല ആരും കണ്ടില്ല.) ഒന്നും സംഭവിക്കാത്ത രീതിയില്‍ ‍ മുന്നോട്ട് നടന്നു.

“ഡാ പൊ...................... മോനേ അവിടെ നിക്കടാ”

ഈ പ്രാവശ്യം അച്ഛനെ വിട്ടു എന്നെ തന്നെ ആണ് നാരാണേട്ടന്‍ പിടിച്ചിരിക്കുന്നത്.
ഇനി കൂടുതല്‍ ചീത്ത പറയിപ്പിച്ച് നാരാണേട്ടനെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ എന്നോര്‍ത്ത ഞാന്‍ തിരിഞ്ഞു നോക്കി. നേരത്തെ ചോദ്യ ചിഹ്നമായിരുന്ന നാരാണേട്ടന്‍ ഇപ്പോള്‍, ഇടതു കൈ വാഴയില്‍ പിടിച്ചു മറു കൈ എളിക്കു കുത്തി തല ഒരു വശത്തേക്ക് ചെരിച്ചു വെച്ച് സത്യന്‍ മാഷ്‌ സ്റ്റൈലില്‍ നില്ക്കു കയാണ്.
മനസ്സില്‍ അടക്കിപ്പിടിച്ച ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു “എന്താ നാരാണേട്ടാ?”
“നീ ഇങ്ങു വന്നേ”

എന്തോ പാര വരുന്നു എന്ന് എനിക്കു മനസിലായി. മുരളിയെ കാണാന്‍ ചെല്ലുന്ന രമേശ്‌ ചെന്നിത്തലയെപ്പോലെ മനസില്ലാ മനസോടെ ഞാന്‍ അങ്ങോട്ടേക്ക് ചെന്നു.
നാരാണേട്ടന്‍ എന്നോട് ശബ്ദം താഴ്ത്തി പറഞ്ഞു “ഡാ നീ എനിക്കൊരു ഗെല്പ്‌ ചെയ്യണം”

റാംജി റാവു സ്പീക്കിങ്ങില്‍ സായ്കുമാര്‍ കേട്ട പോലെ ഗുലുമാല്‍ എന്ന പാട്ട് കേക്കുന്നതായി എനിക്കും തോന്നി.

“എന്ത് ഹെല്പാ വേണ്ടത്‌ നാരാണേട്ടാ?”
“എടാ അവളുമ്മാര് അകത്തിരുന്നു ടിവി കാണുവാ. എന്റെ അരയില്‍ 2 പാക്കറ്റ്‌ ഇരിപ്പുണ്ട്. അവര് ടിവി കാണുന്ന മുറിയില്‍ ആണ് എന്റെ പേഴ്സ് ഇരിക്കുന്നെ. അതെടുക്കാന്‍ അകത്തേക്ക് പോണേല്‍ ഇത് അരേല്‍ വെച്ചോണ്ട് പറ്റില്ല. നീ ഇതൊന്നു പിടിക്ക് ഞാന്‍ ആ പേഴ്സ് എടുത്തു വന്നിട്ട് വാങ്ങാം”
അതു ശരി അപ്പൊ പാക്കറ്റ്‌ ചാരായം പിടിപ്പിക്കാനാണ് എന്നെ തെറി വിളിച്ചു ഇവിടെ വരുത്തിയത്‌ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു “അതിവിടെ എങ്ങാനും വെച്ചിട്ട് പോയാ മതി നാരാണേട്ടാ.”
“അതൊന്നും ശരിയാകില്ല, അവളെങ്ങാനും പുറത്ത്‌ വന്നു കണ്ടാല്‍ നിനക്കറിയാലോ.”
നാരാണേട്ടന് സ്വന്തം ഭാര്യ കല്യാണി ചേച്ചിയെ ഭയങ്കര പേടി ആണ്. ഞാന്‍ മനസില്ലാ മനസോടെ ഇനിയും കേള്‍ക്കേണ്ട തെറിയുടെ ഡോസ് ഓര്‍ത്ത്‌ അര്ദ്ധ സമ്മതം മൂളി. “വേഗം വരണം നാരാണേട്ടാ.”

“എനിക്കു ഒരു മിനിറ്റ്‌ മതിയെടാ” എന്നും പറഞ്ഞ് നാരാണേട്ടന്‍ അരയില്‍ വെച്ചിരുന്ന 2 പാക്കറ്റ്‌ എടുത്തു എന്റെ നേരെ നീട്ടി.
ഞാന്‍ അത് രണ്ടു കയ്യിലുമായി പിടിച്ചു. "നീ എന്താ എല്ലാരേം കാണിക്കാനുള്ള പ്രദര്ശണന വസ്തുവാണോ പിടിച്ചേക്കുന്നെ? അരയില്‍ വെക്കടാ"
എനിക്ക് സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. വഴിയെ പോയ എന്നെ വിളിച്ചുവരുത്തി ഉള്ള ചീത്ത എല്ലാം വിളിച്ചിട്ട് തന്നിരിക്കുന്ന ഒരു പണി കണ്ടില്ലേ. ഇതെങ്ങാനും ആരേലും കണ്ടാല്‍ പത്തിരുപത്തഞ്ചു വര്‍ഷമായി ഞാന്‍ ഫാക്ടംഫോസും ചാണകവും ഇഷ്ടംപോലെ ഇട്ടു കൊടുത്തു വളര്ത്തി ക്കൊണ്ടുവന്ന എന്റെ ഇമേജ് കപ്പല് കേറീത് തന്നെ എന്റെ പറശിനിക്കടവ് മുത്തപ്പാ. പക്ഷേ ആരേലും വന്നാലും പെട്ടന്നു കാണാത്തിടത്ത് വെക്കുന്നതാണ് നല്ലത് എന്ന് എനിക്കും തോന്നി.

അടുത്ത സുനാമിക്ക് ഇയാള്‍ കടല്ക്കരെ തന്നെ ഉണ്ടാകണേ എന്ന് നാരാണേട്ടനെ മനസ്സില്‍ പ്രാകിക്കൊണ്ട് ഞാന്‍ ആ ചാരായം നിറച്ച രണ്ടു പ്ലാസ്റ്റിക് കവറുകളും ശ്വാസം ഉള്ളിലേക്ക് എടുത്തു വയറു ചുക്കി അരയിലേക്ക് താഴ്ത്തി.

അരയില്‍ ചുറ്റിയിരിക്കുന്ന കിറ്റെക്സ് ലുങ്കിയുടെ ബലത്തില്‍ രണ്ടു പാക്കറ്റുകളും സുരക്ഷിതമായി എന്റെ അരയോട് ഒട്ടിച്ചേര്‍ന്നു. അരയുടെ ഇടതും വലതും വശങ്ങളിലായിയാണ് ഞാന്‍ അവരെ പ്രതിഷ്ഠിച്ചുവെച്ചിരിക്കുന്നത്. ഷര്‍ട്ട് താഴ്ത്തിക്കഴിഞ്ഞ് ഞാന്‍ എന്റെ അരവശത്തെക്ക്ഒന്ന് നോക്കി. ഈശ്വരാ ഷര്ട്ടിടന്റെ രണ്ടു വശങ്ങളിലും പാക്കറ്റുകള്‍ തള്ളി നിക്കുന്നു. പെട്ടന്നു കാണുന്ന ഒരാള്ക്ക് ‌ തോന്നുക ഞാന്‍ അരക്ക് ബ്രാ ഇട്ടിരിക്കുന്നു എന്നാണ്!

ഞാന്‍ രണ്ടുകൈകളും പിണച്ചുവെച്ച് രണ്ടു മുഴകള്‍ക്കും മറ തീര്ത്തു . ഇപ്പൊ പെട്ടന്നു ആര്ക്കും മനസിലാകില്ല. നാരാണേട്ടന്‍ വീട്ടിലേക്കു കയറി. നാരാണേട്ടന്റെ നടത്തം കണ്ടപ്പോള്‍ ഗട്ടറുള്ള വഴിയില്ക്കൂടി പോകുന്ന കെ എസ് ആര്‍ ടി സി ബസിനെ പുറകില്‍ നിന്നും കാണുന്നത് പോലെ ആണ് തോന്നിയത്. അങ്ങോട്ടും ഇങ്ങോട്ടും ആടിയും ചെരിഞ്ഞും. നാരാണേട്ടന്‍ അകത്തേക്ക് കയറിയതും അകത്തു മുല്ലപ്പെരിയാര്‍ തീര്ക്കു ന്ന സീരിയല്‍ അവസാനിച്ചതും ഒരുമിച്ചായിരുന്നു.

സീരിയല്‍ അവസാനിച്ചതും നായികയുടെ ഭര്‍ത്താവും നായകന്റെ ഭാര്യയും കണ്ടുമുട്ടിയാലുണ്ടാകുന്ന ഹിരോഷിമാ സ്ഫോടനത്തെപ്പറ്റി ചര്ച്ചു ചെയ്തുകൊണ്ട് അവിടെ അയല്വോക്കത്തൊക്കെ ഉള്ള ചേച്ചിമാരും കുട്ട്യോളും അതാ വീട്ടില്‍ നിന്നും ഇറങ്ങി വരുന്നു. ഞാനാണേ എന്റെക അരയിലെ മുഴ മറക്കാന്‍ വേണ്ടി കൈ കെട്ടിയതുപോലെ വച്ചിരിക്കുകയാണ്.

ഈശ്വരാ പ്രശ്‌നമായല്ലോ. ഇതിപ്പോ വേലിയേ ഇരുന്നത് എടുത്തു ശരിക്കും വേണ്ടാത്തിടത്താണ് വെച്ചിരിക്കുന്നത്. മുറ്റത്തിന്റെ ഒരു സൈഡില്‍ ആണ് ഞാന്‍ നില്ക്കുന്നത്. അതുകൊണ്ട് പുറത്തിറങ്ങിയവര്‍ പെട്ടന്ന് എന്നെ കാണില്ല എന്ന എന്റെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് അപ്പുറത്തെ രമണിചേച്ചിയുടെ അഞ്ചുവയസുകാരന്‍ കൊത്രാക്കൊള്ളി ചെറുക്കന്‍ ഉറക്കെ വിളിച്ചു ചോദിച്ചു

"ചേട്ടായിയേ അവിടെ പതുങ്ങിനിന്നു എന്താ ചെയ്യുന്നേ, മുള്ളുവാണോ?" അതിനു കോറസായി പുറത്തിറങ്ങിയ ചേച്ചിമാരുടെ ചിരിയും.

ഫസ്റ്റ്‌ബോളില്‍ ഡെക്കായ ബാറ്റ്സ്മാനെപ്പോലെ ഞാന്‍ ഇരുപത്തഞ്ചു വാട്ട്സിന്റെ ഒരു വളിച്ച ചിരി പാസ്സാക്കിക്കൊണ്ട് ആ കൊത്രാക്കൊള്ളിയോടു പറഞ്ഞു "മോനെ നീ നിന്റെ ട്രൌസര്‍ ഇട്ടാല്‍ മതീട്ടോ, അച്ഛന്റെ എടുത്തിടണ്ടാ"

എന്റെ ഒച്ച കേട്ട് കുടുംബനാഥ കല്യാണിയേച്ചി പുറത്തേക്കു വന്നു.

"നീ എന്താടാ വന്നിട്ട് പുറത്തു നിക്കുന്നെ? അകത്തോട്ടു കേറിവാടാ." ആതിഥ്യ മര്യാദ.

"വേണ്ട ചേച്ചീ, ഞാന്‍ നാരാണേട്ടന്‍ വന്നിട്ട് ഒന്നിച്ചു പോകാം എന്ന് കരുതി നിന്നതാ."

"മോനെ വിനൂ എന്തോ ഉണ്ടു വിശേഷം?" രമണിചേച്ചിയുടെ സുഖാന്വേഷണം. കൈ ഒന്നുടി അരയിലേക്ക് അമര്ത്തിച വെച്ച് മുഴ അവര് കാണില്ല എന്നുറപ്പുവരുത്തികൊണ്ട് ഞാന്‍ മറുപടി നല്കി. "സുഖം ചേച്ചീ"

"നിന്റെ കാലിനെടേ പ്രചാരണ ജാഥയൊക്കെ കഴിഞ്ഞോ" ഒരു കൂട്ടച്ചിരിയുടെ അകമ്പടിയോടെ രമണിചേച്ചിയുടെ അടുത്ത ചോദ്യം.

അത് എനിക്ക് പറ്റിയ ഒരു അബദ്ധത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ഒരു കാല്‍നട പ്രചാരണ ജാഥക്ക് അനൌണ്സ് ചെയ്തപ്പോ നാവില്‍ വിളയാടിയ വികട സരസ്വതി 'കാല്‍നട പ്രചാരണ ജാഥ' എന്നുള്ളതിന് 'കാലിനെടേ പ്രചാരണ ജാഥ' എന്നാണ് പറയിപ്പിച്ചത്. അന്ന് മുതല്‍ എന്റെ നാട്ടുകാര്ക്ക് ‌ എന്നെ കളിയാക്കാന്‍ അതുവരെയുള്ള ആയിരം ജി.ബി. കാരണങ്ങളുടെ കൂടെ ഒരു കാരണം കൂടെ ആയി!

"ഇതെന്നാ ചേട്ടായി ആമവാതം പിടിച്ച പോലെ നിക്കുന്നെ?" കൊത്രാക്കൊള്ളിയുടെ അസ്ഥാനത്തുള്ള ചോദ്യം.

ഞാന്‍ കൈ കെട്ടിയ പോലെ നിക്കുന്നുണ്ടെങ്കിലും അരവശം മറയ്ക്കാന്‍ വേണ്ടി മുന്നോട്ടു കുറച്ചു കുനിഞ്ഞാണ് നിക്കുന്നത്. ചെറുക്കന്‍ പറഞ്ഞ പോലെ 'ആമവാതം' സ്റ്റൈല്‍.

"ഇതേ പുതിയ മമ്മൂട്ടി പടത്തിലെ സ്റ്റൈലാണ്, പുതിയ ഫാഷന്‍"

"മമ്മൂട്ടീടെ സ്റ്റൈല്‍ അങ്ങനെയല്ല ഇങ്ങനെയാണ്" കൈയ്യും കൊണ്ട് മമ്മൂട്ടി ആക്ഷന്‍ കാണിച്ചു അവന്‍ പറഞ്ഞു.

പെണ്ണുങ്ങളുടെ ചിരിയൊച്ചക്കിടെ അവന്‍ ഓടി വന്നു എന്റെ കയ്യില്‍ തൂങ്ങി. ആ തൂങ്ങലില്‍ എന്റെ കിറ്റെക്സ് മുണ്ട് കുറച്ചു ലൂസായി. ചെറുക്കനെ ഒരു വിധത്തില്‍ ഞാന്‍ വിടീക്കാന്‍ ശ്രമിച്ചു. അതിനിടക്കാണ് അവന്റെ കൈ അതില്‍ ഒരു പാക്കറ്റില്‍ കൊണ്ടത്‌. അത് കൊണ്ടതും അവന്‍ വിളിച്ചു പറഞ്ഞു.

"അമ്മേ ദേ ഈ ചേട്ടായീടെ അരേലൊരു മൊഴ"

അത് കേട്ടതും രമണി ചേച്ചി അവനോടു പറഞ്ഞു "നീ ഇങ്ങു വാ"
മറ്റു ചേച്ചിമാര്‍ അടക്കി പിടിച്ചു ചിരിക്കുന്നു.
ഈശ്വരാ..
ദിസ്‌ ഈസ്‌ നോട് ലത്...
ലിത് ലതല്ലാ

എന്നൊക്കെ എനിക്ക് വിളിച്ചു പറയണം എന്ന് തോന്നി. അപ്പോഴാണ് കല്യാണിയേച്ചി അത് ശ്രദ്ധിച്ചത്.

"അതെന്തുവാടാ നിന്റെ അരക്കൊരു മുഴ."
"അത് പിന്നെ.. കല്യാണിയേച്ചി.... നാരാണെട്ടന്‍...."
"നീ എന്താ വിക്കുന്നെ? കാര്യം പറയട.."

അതിനിടക്ക് ചെറുക്കന്‍ പിടിച്ചു എന്റെ ലുങ്കി ലൂസ് ആയിരുന്നു. എന്റെ അരയിലിരുന്ന പാക്കറ്റുകളില്‍ ഒരെണ്ണം മുണ്ടിനിടയിലൂടെ നേരെ താഴേക്ക്‌. ലൂസ് ആയ എന്റെ മുണ്ട് താഴെ പോകാതിരിക്കാന്‍ ഞാന്‍ പെട്ടന്ന് ചാടി മുണ്ട് മുറുക്കി ഉടുത്തു. അതോടെ അടുത്ത പാക്കറ്റും താഴെ!

ആ ചമ്മലിനിടയില്‍ എന്ത് ചെയ്യുന്നു എന്നോര്‍മയില്ലാതെ ഞാന്‍ എന്റെ മുണ്ട് മടക്കി കുത്തി.
ചേച്ചിമാരെല്ലാം നോക്കുമ്പോ എന്റെ കാലുകള്‍ക്കിടയില്‍ രണ്ടു പാക്കറ്റ്‌ ചാരായം!
അത്രയും നേരം പാവമായി നിന്ന ചേച്ചി ഭദ്രകാളിയായി..

"എന്താടാ നിന്റെ കാലിന്റെടേല്‍?" (താഴെ കിടക്കുന്ന പാക്കറ്റ്‌ ആണ് ഉദ്ദേശിച്ചത് :))

ഗംഗയില്‍നിന്നും നാഗവല്ലിയിലെക്കുള്ള ശോഭനയുടെ അഭിനയത്തിനു രണ്ടാം സ്ഥാനമേ കിട്ടു, ഈ ഭാവപ്പകര്‍ച്ച ജൂറി കണ്ടിരുന്നെങ്കില്‍.

"നീയൊക്കെ വീട്ടില്‍ കൊണ്ടുവന്നു കൊടുത്തു കുടിപ്പിക്കും അല്ലേട? നല്ല ഒരു പയ്യനാണെന്ന് വിചാരിച്ചിരുന്നതാ. നീയും തുടങ്ങി അല്ലേട?"

ഞാനാണെങ്കില്‍ എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ കെ.പി.സി.സി. ഓഫീസിന്റെ മുന്നില്‍ എത്തിയ മുരളീധരനെപ്പോലെ നിന്നു.

അപ്പൊ അതാ നിക്കുന്നു നാരായണെട്ടന്‍ വീടിന്റെ ഇറയത്ത്.

എനിക്ക് പകുതി സമാധാനമായി. പണ്ട് യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചതുപോലെ നാരാണെട്ടന്‍ എന്നെ ഉപാധി രഹിതമായി പിന്തുണക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു.

"ചേച്ചീ ഇത് നാരാണെട്ടന്‍ എന്നെ പിടിക്കാനേല്‍പ്പിച്ചതാ. അല്ലാതെ ഞാന്‍ കൊണ്ട് വന്നതൊന്നുമല്ല." ഞാന്‍ എന്റെ സ്റ്റാന്റ് ക്ലിയര്‍ ആക്കി.

എന്നാല്‍ ആണവ കരാറില്‍ ഒപ്പുവച്ചപ്പോ വളരെ ക്രൂരമായി യു.പി.എയെ തള്ളിപ്പറഞ്ഞ പ്രകാശ്‌ കാരാട്ടിനെപ്പോലെ നാരാണെട്ടന്‍ എന്റെ കാലുവാരി!

"ഞാനോ എപ്പോ? നീ ചുമ്മാ മനുഷ്യരെപ്പറ്റി അപവാദം പറയുന്നോ?"

കല്യാണിയേച്ചിയുടെ മുഖം ചുവന്നു. ചുവന്നു തുടുത്തു. എന്നെ അപ്പൊ അടുത്ത് കിട്ടിയാല്‍ കഷണം കഷണം ആക്കി മിക്സിയില്‍ ഇട്ടരച്ചെടുത്ത്‌ തെങ്ങിന് വളമാക്കാന്‍ (അല്ലാതെ വേറെ ഒന്നിനും കൊള്ളില്ലാഞ്ഞിട്ടല്ലേ!) മാത്രം ദേഷ്യം ആ ചുവപ്പില്‍ ഉണ്ട്.

സംഗതി റോംഗ് ആകുന്നു എന്നെനിക്ക് മനസിലായി. എന്റെ ഇതുവരെ ഉണ്ടാക്കിയെടുത്ത ചീത്തപ്പേര് കൂടുതല്‍ ചീത്തയാകും. അവസാന നമ്പര്‍ ഇടാന്‍ ഞാന്‍ തീരുമാനിച്ചു.

"ഓ.കെ. നാരാണെട്ടാ ഞാന്‍ സമ്മതിച്ചു, ഇതേ എന്റെ സാധനം തന്നെ. അപ്പൊ ഇത് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനും എനിക്കാവകാശം ഉണ്ടല്ലോ"
ഒന്ന് നിര്‍ത്തി ഞാന്‍ തുടര്‍ന്നു.

"ഞാന്‍ ഇത് പൊട്ടിച്ചു കളയാന്‍ പോകുകയാ" (രഹസ്യമായിട്ടാണെ പുറത്തേക്കു ഒഴിക്കുന്നെനു പകരം അകത്തേക്ക് ഒഴിച്ചേനെ!)

ഞാന്‍ ഒരു പാക്കറ്റ്‌ എടുത്തു. നാരാണെട്ടന്റെ മുഖം ശ്രദ്ധിച്ചു. മുഖത്ത് സമാധാനത്തിന്റെ കളറാണ്. വിളറി വെളുത്തിരിക്കുന്നു! എനിക്കറിയാം സ്വന്തം പെമ്പ്രന്നോത്തി നഷ്ടപെടും എന്ന് പറഞ്ഞാല്‍ നാരാണെട്ടന്‍ സഹിക്കും ക്ഷമിക്കും ആഘോഷിക്കും! എന്നാല്‍ ഇത് നാരാണെട്ടന് സഹിക്കാന്‍ കഴിയില്ല.

വളരെ ദയനീയമായി നാരാണെട്ടന്‍ എന്നെ നോക്കി. കളയല്ലേടാ എന്ന് നിശബ്ദമായി ആ കണ്ണുകള്‍ എന്നോട് പറഞ്ഞു. പക്ഷേ എനിക്ക് എന്റെ ഇമേജ് അല്ലേ വലുത്!

ഞാന്‍ ഒരു പാക്കറ്റ്‌ എടുത്തു കടിച്ചു മൂല പൊട്ടിച്ചു. ഇത് കണ്ട നാരാണെട്ടന്‍ വെടി പൊട്ടുന്നത് കേട്ട ഉസൈന്‍ ബോള്‍ടിനെപോലെ ഒരു കുതിക്കല്‍ ആയിരുന്നു എന്റെ അടുത്തേക്ക്. എന്റെ കയ്യില്‍ നിന്നും പാക്കറ്റ്‌ തട്ടിപ്പറിച്ച് നാരാണെട്ടന്‍ കല്യാണിയേച്ചിയോട് പറഞ്ഞു

"ഇതേ ഞാന്‍ അവന്റെ കയ്യില്‍ പിടിക്കാന്‍ കൊടുത്തത് തന്നെയാ. നീയിപ്പോ എന്നെ എന്നാ ഒലത്താനാ, ഞാന്‍ ഒരു പാക്കറ്റ്‌ കഴിച്ചു എന്ന് വെച്ച്?"

അനന്തരം അത്താഴം കല്യാണിയേച്ചി ബ്ലോക്ക്‌ ചെയ്യുമെങ്കിലും രണ്ടു പാക്കറ്റ്‌ രക്ഷിച്ചെടുത്ത സന്തോഷത്തില്‍ നാരാണെട്ടനും, എന്റെ ഇമേജിനു മുകളില്‍ കരിഓയില്‍ ഒഴിക്കാനുള്ള ശ്രമം പൊളിച്ച സന്തോഷത്തില്‍ ഞാനും അയല്‍വക്കത്തെ പരദൂഷണ കമ്മിറ്റിയില്‍ ഇമേജ് ഇടിഞ്ഞ ദുഃഖത്തില്‍ കല്യാണിയേച്ചിയും പരദൂഷണത്തിന്റെ അടുത്ത എപിസോഡിലേക്ക് കോള് കിട്ടിയ സന്തോഷത്തില്‍ സീരിയല്‍ വ്യുവേഴ്സും അവരവരുടെ ലക്ഷ്യത്തിലേക്ക് പ്രയാണം ആരംഭിച്ചു..

ഞാന്‍ മനസ്സില്‍ പറഞ്ഞു എന്നാലും എന്നോടിതു വേണ്ടാരുന്നു നാരാണെട്ടാ..

Saturday, June 5, 2010

രമണൻ ആൻഡ് ചന്ദ്രിക റീ ലോഡഡ്

ചന്ദ്രിക രമണന്റെ നമ്പർ ഡയൽ ചെയ്തു


“രമണേട്ടാ ഞാനും വരട്ടെ കാനനഛായയിലേക്ക്, ഇവിടെ വല്ലാതെ ബോറടിക്കുന്നു”


രമണൻ: “പോന്നോളൂ, പക്ഷേ കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ പാടെ മറന്നൊന്നും ചെയ്തുകൂടാ”


“ഇല്ല രമണേട്ടാ, നോക്കിക്കോ ഈ പ്രാവശ്യം ഞാൻ വളരെ ഡീസന്റാരിക്കും.”


രമണൻ: “കഴിഞ്ഞ പ്രാവശ്യം എന്തെല്ലാം പൊല്ലാപ്പുകളാ ഉണ്ടായത്. നീ മൊബൈലിൽ ഷൂട്ട് ചെയ്ത ക്ലിപ്സ് നാട്ടുകാരു മുഴുവൻ കണ്ടില്ലേ, അതുകൊണ്ട് ഈ പ്രാവശ്യം ഒന്നും ഷൂട്ട് ചെയ്തേക്കരുത്!“


ചന്ദ്രിക: “എഗ്രീഡ് രമണേട്ടാ!“

Thursday, May 20, 2010

വി...മാനം പോയി..!






ഇത് രണ്ടു അമളികളെപ്പറ്റിയാണ്‌


ഒന്ന്: എനിക്ക് പറ്റിയത്.
രണ്ടു: വേറെ ആര്‍ക്കോ പറ്റിയത്!


നമ്മള്‍ക്ക് പറ്റിയ  അമളികള്‍ അങ്ങനെ ആരോടും വിളിച്ചു പറയാന്‍ പാടില്ലല്ലോ. എന്നാലും ഞാന്‍ പറയും കാരണം എനിക്ക് ഒരു വലിയ ബ്ലോഗ്ഗര്‍ ആകണം. നമ്മള്‍ മണ്ടന്‍ ആണെന്ന് ആളുകള് അറിഞ്ഞാല്‍ എന്താ ബ്ലോഗ്ഗില്‍ കമന്റ് കിട്ടൂലെ...ഹിറ്റ്‌ കിട്ടൂലേ.. അത് മതി! ഇപ്പോള്‍ വലിയ ബ്ലോഗ്ഗര്‍മാരായി ബൂലോകത്ത് വിലസുന്ന കൂടുതല്‍ പുലികളും ഇങ്ങനെയൊക്കെ അല്ലെ പേരെടുത്തത്!


നാണം കെട്ടും കമന്റ് ഉണ്ടാക്കിയാല്‍ നാണക്കേട്‌ കമന്റുകള്‍ തീര്‍ത്തോളും എന്നല്ലേ.. (ഇത് ഫസ്റ്റ് പഞ്ച്‌ ഡയലോഗ് ആണ്, കമന്റുമ്പോള്‍ ക്വോട്ട് ചെയ്യാനുള്ളത്!)
*****************************


2007 എപ്രിൽ 10


ദില്ലി നിവാസികളെ സംബന്ധിച്ചിടത്തോളം ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഒരു സുദിനം.
കാരണം ഏതാനും വര്‍ഷങ്ങളോളം അവരില്‍ കുറച്ചധികം ആളുകളെ ബുദ്ധിമുട്ടിച്ചും ബോറടിപ്പിച്ചും അവരുടെ മാതൃഭാഷയായ ഹിന്ദിയെ മാനഭംഗപ്പെടുത്തിയും നടന്നിരുന്ന ഞാന്‍ ഇതാ ദില്ലിയോട് വിട വാങ്ങുന്നു.




കൂടുതല്‍ സാലറിയും ക്യാമറ മൊബൈല്‍ ഫോണും കല്യാണം കഴിക്കാന്‍ അധികം സൌന്ദര്യം ഒന്നുമില്ലെങ്കിലും ഐശ്വര്യ റായിയെപ്പോലെയുള്ള ഒരു പെണ്ണിനേയും പിന്നെ കുറച്ചു കഴിയുമ്പോള്‍ കേറി കിടക്കാന്‍ ഒരു ചെറിയ വീടും (രണ്ടു നിലകളിലായി ഒരഞ്ചു ബെഡ് റൂം, സ്വിമ്മിംഗ് പൂള്, ഇ.ടി.സി.‍) ഇങ്ങനെയൊക്കെയുള്ള വളരെ ചെറിയ സ്വപ്നങ്ങളുമായി പത്താംക്ലാസ് പാസ്സായ ഏതൊരു മലയാളിയുടെയും സ്വപ്ന ഭൂമിയായ ഗള്‍ഫിലേക്ക് പോകാന്‍ വേണ്ടി, ഞാന്‍ ഇന്ദിരഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വെളുപ്പിന് മൂന്നു മണിക്ക് ടാക്സിയില്‍ വന്നിറങ്ങി.


ഗൾഫ് എയറിന്റെ വിമാനത്തിൽ ആണു യാത്ര. ആദ്യമായി വിമാനത്തില്‍ കയറുന്നതിന്റെ എല്ലാവിധ റ്റെൻഷനും ഉണ്ടെങ്കിലും എന്റെ കൂടെയുള്ള ബാംഗ്ലൂര്കാരന്‍ വെങ്കിടെഷിന് അതൊന്നും മനസിലാകാതിരിക്കാന്‍  എനിക്കെല്ലാം അറിയാം എന്ന മുഖഭാവത്തില്‍ വളരെ കൂള്‍ ആയി നിന്നു.


ആദ്യം ഭാണ്ടക്കെട്ടെല്ലാം സ്കാനറില്‍ കൂടെ കടത്തി വിട്ടു പരിശോധന. അതു കഴിഞ്ഞു ഭാണ്ടക്കെട്ടെല്ലാം ഗള്‍ഫ് എയര്‍കാരെ ഏല്‍പ്പിച്ചു. പകരം അവര് ഒരു കടലാസ്സ്‌ തന്നു. ഉള്ളില്‍ ഒരു ചെറിയ അങ്കലാപ്പ് ഗള്‍ഫില്‍ പോയി നേഴ്സുമാരുടെ മുന്നില്‍ കൂടെ ഇട്ടു വിലസാന്‍ വേണ്ടി ലാജ്പത് നഗര്‍ സെന്‍ട്രല്‍ മാര്‍കറ്റില്‍ നിന്നു വാങ്ങിയ ഒക്സംബര്‍ഗിന്റെ രണ്ടു ഷര്‍ട്ടും പാന്റും സര്‍വോപരി ആദ്യമായി വാങ്ങിയ ബ്രാന്റെഡ് ജെട്ടിയും ആ ഭാണ്ടക്കെട്ടിലാണ്! അതെങ്ങാനും ഇവര് അടിച്ചുമാറ്റിക്കളയുവോ എന്റെ പറശിനിക്കടവ് മുത്തപ്പാ! 


വെങ്കിടെഷ് പറഞ്ഞു "ലെറ്റ്‌ അസ് ഗോ ഫോര്‍ സെക്യുരിടി ചെക്കിംഗ്"
ഇനിം സെക്യുരിറ്റി ചെക്കിങ്ങോ?
 അങ്ങനെ ഞങ്ങള്‍ സെക്യുരിറ്റി ചെക്കിംഗ് ആകാന്‍ വേണ്ടി അവിടെ കാത്തിരുന്നു. കുറെ അധികം ആളുകള് അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്. കൂടുതലും ഹിന്ദിക്കാരാണ്. അതിനിടക്ക് അതാ രണ്ടു മലയാളികള്‍. അവരുടെ മുഖത്തെ പരിഭ്രമവും നോട്ടവും എല്ലാം കണ്ടാല്‍ തന്നെ മനസിലാകും അവരും ആദ്യമായി ആണ് വിമാനത്തില്‍ കയറാന്‍ പോകുന്നത് എന്ന്. അതു മാത്രമല്ല അവര്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും ശെരിക്കറിയുകയും    ഇല്ല. അങ്ങനെ ഞാന്‍ അവരുടെ സംഭാഷണം ശ്രദ്ദിച്ചിരുന്നു.
"ഫ്ലൈറ്റ് ലേറ്റ് ആകുവോ?"
"ചിലപ്പോ ആയേക്കാം"
"ജിഷ്ണു സാര്‍ പറഞ്ഞത് അവിടെ ആള് കൃത്യ സമയത്ത് വന്നു നിക്കും എന്നല്ലേ?"
അവരെ അങ്ങോട്ട്‌ വിടുന്ന ആള്‍ ആകും ഈ ജിഷ്ണു സാര്‍
"വരും"
"നിനക്ക് പേടിയുണ്ടോ ഫ്ലൈറ്റില്‍ കയറാന്‍?"
"എന്തിനാ പേടിക്കുന്നെ? നമ്മള്‍ ഉത്സവത്തിനു വന്ന ഊഞ്ഞാലില്‍ കയറിയ പോലെയേ ഉള്ളു എന്നല്ലേ പറഞ്ഞത്? നിനക്ക് പേടിയുണ്ടോ?"
"എനിക്കൊരു പേടിയും ഇല്ല!"


അവരുടെ ചര്‍ച്ച കേട്ടപ്പോ എനിക്ക് കുറച്ചു സമാധാനമായി. ഞാന്‍ മാത്രമല്ല ഈ ഫീലിങ്ങില്‍ ഉള്ളത്. എനിക്കൊരു കമ്പനി ഉണ്ട്.


അപ്പോഴേക്കും സെക്യുരിറ്റി ചെക്കിംഗ് തുടങ്ങി. അതു കഴിഞ്ഞു അടുത്ത സ്ഥലത്ത് വെയിറ്റ് ചെയ്യാന്‍ തുടങ്ങി. അപ്പോള്‍ ഫ്ലൈറ്റ് ലേറ്റ് ആണെന്നുള്ള അറിയിപ്പുകള്‍ ബോര്‍ഡില്‍ വന്നിരുന്നു.


എന്റെ മുന്നിലാണ് നമ്മുടെ മല്ലുസ് വെയിറ്റ് ചെയ്യുന്നത്. ഞാന്‍ വീണ്ടു അവരുടെ സംഭാഷണം ശ്രദ്ധിക്കാന്‍ തുടങ്ങി. ഉള്ളിന്റെ ഉള്ളില്‍ ഒരേ ഫീലിംഗ് ഷെയര്‍ ചെയ്യുന്നവരാണല്ലോ ഞങ്ങള്‍..


"ഫ്ലൈറ്റ് പൊങ്ങുമ്പോ നിനക്ക് പെടിയുണ്ടെല്‍ എന്നെ മുറുക്കെ പിടിച്ചോണം കേട്ടോ"


"എനിക്ക് പേടിയൊന്നും ഇല്ല, പക്ഷെ ഞാന്‍ നിന്നെ പിടിക്കാം നീ പേടിക്കാതിരിക്കാന്‍!"


അവര്‍ക്ക് പേടി മാറ്റാന്‍ പരസ്പരം പിടിചോണ്ടിരിക്കാം. ഞാന്‍ എന്ത് ചെയ്യും എന്റെ ഈശ്വരാ. എനിക്ക് പിടിക്കാന്‍ ആരും ഇല്ലല്ലോ..


അവരെ കേറി പരിചയപ്പെട്ടു പേടി ഷെയര്‍ ചെയ്താലോ എന്ന് വിചാരിച്ചു. പക്ഷെ ദുരഭിമാനം സമ്മതിച്ചില്ല. അങ്ങനെ കുറെയധികം മണിക്കൂറുകള്‍ അവിടെ വെയിറ്റ് ചെയ്തു അവസാനം വിമാനതിലോട്ടു കയറാന്‍ ഉള്ള ടൈം ആയി. അപ്പോഴേക്കും നമ്മുടെ മല്ലുസ് അടുത്തിരുന്ന ഹിന്ദിക്കരനോട് മുറി ഹിന്ദിയില്‍ ചോദിച്ചു അവിടെ ഇരിക്കുന്നവരെല്ലാം ഗള്‍ഫ് എയറിന് പോകാനുള്ള വരാണെന്ന്  മനസിലാക്കിയിരുന്നു. എല്ലാവരും ഫ്ലൈറ്റില്‍ കേറാന്‍ വേണ്ടി എഴുന്നേറ്റു, ഒപ്പം ഞങ്ങളും അവരും.


നടന്നു നടന്നു ഫ്ലയിറ്റില്‍ കയറി. ഫ്ലൈറ്റിന്റെ വാതില്‍ ഒരു കോറിഡോര്‍ പോലെയുള്ള ഭാഗത്തേക്ക്‌ (അതിന്റെ പേര് ഇപ്പോഴും അറിയില്ല :-) ) അടുപ്പിച്ചു വെക്കും. അപ്പോള്‍ നമുക്ക് റണ്‍വേയില്‍ ഇറങ്ങാതെ എയര്‍പോര്‍ട്ടില്‍ നിന്നു നേരെ ഫ്ലൈടിലേക്ക് കയറാം.


വിന്‍ഡോ സീറ്റില്‍ ഏതോ ഒരുത്തന്‍. അതിനിപ്പുറത്തു വെങ്കിടെഷ്. അതിനിപ്പുറത്തു ഞാന്‍. അതു കഴിഞ്ഞു നേരെയുള്ള റോയില്‍ ആണ് നമ്മുടെ മല്ലുസ് ഇരിക്കുന്നത്.
എന്റെ മനസ്സില്‍ ഫ്ലൈറ്റില്‍ കയറിയതിന്റെ ആശ്വാസവും ടെന്‍ഷനും. ഞാന്‍ മെല്ലെ മല്ലുസിന്റെ ഭാഗത്തേക്ക്‌ ശ്രദ്ധിച്ചു.


"ഇപ്പൊ തന്നെ 3 മണിക്കൂര്‍ ലേറ്റ് ആയി അല്ലെ?"
"3 മണിക്കൂര്‍ 10 മിനിറ്റ് ലേറ്റ് ആയി" അടുത്ത ആള്‍ അതു കറക്റ്റ് ചെയ്തു.
അടുത്ത ചോദ്യം കേട്ടതും ഞാന്‍ വാ പൊളിച്ചു പോയി
"ഇനി എത്ര നേരം കഴിഞ്ഞാലാണാവോ  നമ്മടെ ഫ്ലൈറ്റ് വരിക?"
"ഒരു അര മണിക്കൂറിനുള്ളില്‍ വരുമായിരിക്കും"


ടെന്‍ഷന്റെ ഇടയിലും എനിക്ക് ചിരി വന്നു. അവരെ തിരുത്തിയാലോ എന്ന് വിചാരിച്ചു. പക്ഷെ മറ്റുള്ളവരുടെ വിവരക്കേട് ആസ്വദിക്കാനുള്ള മലയാളിയുടെ സ്വാഭാവിക പ്രേരണ എനിക്കും ഉണ്ടായി (ഇപ്പോള്‍ നിങ്ങള്‍ എന്റെ വിവരക്കേട് ആസ്വദിക്കുന്ന പോലെ!). ഞാന്‍ അവരുടെ സംഭാഷണം കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.


"ഇത് ഒരുമാതിരി ഇടപാടാ   അല്ലെ? ഇവിടുന്നു അങ്ങോട്ട്‌ വിടുക അവിടുന്ന് വേറെ സ്ഥലത്തോട്ട് വിടുക  അതിനിടക്ക് കുറെ ചെക്കിങ്ങും"
"അതു പിന്നെ നമ്മള്‍ വിമാനത്തില്‍ കേറാന്‍ പോകുവല്ലേ. അപ്പൊ ഇങ്ങനെ ഒക്കെ വേണം."
"നേരത്തെ ഇരുന്ന സ്ഥലം നല്ലതാരുന്നു. ഇവിടെ ഇപ്പൊ മര്യാദക്കിരിക്കാന്‍ പറ്റില്ല"


ലെഗ് സ്പേസ് കുറവായെന്റെ വിഷമം ആണ് ഒരാള്‍ക്ക്.




"എല്ലാരും കയ്യിലിരിക്കുന്ന ബാഗ്‌ എല്ലാം മോളിലെ അലമാരീല്‍ വെക്കുന്നുണ്ടല്ലോ. നമ്മക്കും വെച്ചാലോ?"
"വേണ്ട  പിന്നെ വിമാനം വരുമ്പോ പെട്ടന്ന് എടുക്കാന്‍ മറന്നു പോയാലോ"




എനിക്ക് കാര്യം മനസിലായി, അവര് ഓരോ സ്ഥലത്ത് ഇരുന്നു ഇരുന്നു വന്നപ്പോ ഇപ്പോഴും ഫ്ലയിറ്റില്‍ കേറുന്നതിനു മുന്‍പ് അങ്ങനെ ഏതോ സ്ഥലത്ത് ഇരുത്തിയിരുക്കുകയാണെന്നാണ് ഓര്‍ത്തിരിക്കുന്നത്. പാവങ്ങള്‍... ഫ്ലൈറ്റില്‍ കേറുമ്പോ ഒരു കെട്ടിടത്തില്‍ കൂടെ വന്നു അങ്ങ് കേറുകയല്ലേ ചെയ്തത്. അപ്പൊ അതും വേറെ ഒരു കെട്ടിടം ആണെന്ന് വിചാരിച്ചതാ.




എയര്‍ ഹോസ്റ്റെസ് വന്നു സീറ്റ് ബെല്‍റ്റ്‌ ഇടെണ്ടതും ലൈഫ് ജാക്കെറ്റ്‌ ഉപയോഗിക്കേണ്ടതും എങ്ങനെയാണെന്നുളള ഡെമോണ്‍സ്ട്രെഷന്‍  കാണിക്കാന്‍ തുടങ്ങി. അപ്പോള്‍ നമ്മടെ മല്ലുസില്‍ ഒന്നാമന് ഒരു സംശയം.
"ഇതെന്തുവാ ഈ കാണിക്കുന്നേ?"
"അതു മിണ്ടാന്‍ വയ്യാത്ത കൊച്ചാ, ഡ്രസ്സ്‌ ഒന്നും ഇടാന്‍ ഇല്ല എന്ന് പറയുന്നതാ. നമ്മടെ ബസ് സ്റ്റാന്‍ഡില്‍ ഒക്കെ വന്നു തെണ്ടുന്ന കണ്ടിട്ടില്ലേ അങ്ങനത്തെ ടീം ആണ് ഇത്"


ഈശ്വരാ...


ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്യുന്നതിന്റെ അറിയിപ്പ് വന്നു. എല്ലാവരും സീറ്റ് ബെല്‍റ്റ്‌ ഇടുന്ന കണ്ടു മല്ലുസും പരസ്പരം നോക്കി എന്നിട്ട് അവരും ബെല്ടിട്ടു.


ഫ്ലൈറ്റ് പയ്യെ മൂവ് ചെയ്യാന്‍ തുടങ്ങി..
ഇരിക്കുന്ന കെട്ടിടത്തിനു അനക്കം കണ്ടപ്പോള്‍ മല്ലുസ് പരസ്പരം ഒന്നും നോക്കി. 
"ഒരനക്കം പോലെ"
"ഭൂമി കുലുക്കം ആണോ?"
"ഡല്‍ഹി അല്ലെ, പാകിസ്ഥാന്‍ എങ്ങാനും ബോംബിട്ടതാണോ?"
ഒരുത്തന്‍ മറ്റവന്റെ കയ്യില്‍ മുറുക്കെ പിടിക്കുന്നത്‌ ഞാന്‍ കണ്ടു.. ഫ്ലൈറ്റ് മെല്ലെ സ്പീഡ് ആകുന്നു.
രണ്ടു പെരുടേം മുഖം കോഴിമുട്ട പോലെ വെളുത്തിരിക്കുന്നു. കരയണോ വേണ്ടയോ എന്നുള്ള മട്ടില്‍ രണ്ടു പേരും അപ്പുറവും ഇപ്പുറവും എല്ലാം ഇരിക്കുന്നവരെ നോക്കുകയാണ്. അവര്‍ക്കൊന്നും ഒരു കുലുക്കവും ഇല്ലാത്തതുകൊണ്ടാണ് ഇവര് ഉറക്കെ കരയാത്തതു എന്നെനിക്കു തോന്നി.


ഞാന്‍ സൈഡില്‍ ഇരിക്കുന്നവനെ പയ്യെ ഒന്ന് തോണ്ടി.  ഹൊറര്‍ പടത്തില്‍ അപ്രതീക്ഷിതമായി പ്രേതം വരുമ്പോള്‍ ഞെട്ടുന്നത് പോലെ അവന്‍ ഒന്ന് ഞെട്ടി തിരിഞ്ഞു എന്നെ നോക്കി.
"ചേട്ടാ നിങ്ങള്‍ ഫ്ലയിറ്റില്‍ ആണ്. ഫ്ലയിറ്റ് മൂവ് ആകുന്നതാണ്."
ആദ്യം ആ മുഖങ്ങളില്‍ ആശ്വാസം. പിന്നെ സുന്ദരികളുടെ മുന്നില്‍ വെച്ച് ഉടുതുണി അഴിഞ്ഞു പോയതുപോലെയുള്ള ഒരു ചിരി.


അപ്പോഴേക്കും ഫ്ലൈറ്റ് പൊങ്ങിയിരുന്നു. ആദ്യ വിമാനയാത്രയുടെ ടെന്‍ഷന്‍ ചിരിക്കു വഴിമാറി ഞാനും.


മേഘങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ ഒഴുകി പോയിക്കൊണ്ടിരിക്കുകയാണ്. സുന്ദരികളായ എയര്‍ ഹോസ്റ്റസ്സ്മാര്‍ ഇടയ്ക്കിടെ തെന്നി തെന്നി സീറ്റുകള്‍ക്കിടയിലൂടെ നീങ്ങുന്നു.


കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഒരു കടലാസ്സ്‌ ബോക്സില്‍ എന്തൊക്കെയോ കഴിക്കാന്‍ കൊണ്ട് വന്നു തന്നു. തുറന്നു നോക്കി. ഒരു സമോസ, കേക്ക്, പിന്നെന്തൊക്കെയോ. മുറിക്കാനും കഴിക്കാനും പ്ലാസ്റ്റിക്‌ കത്തിയും മുള്ളും.


സ്റ്റാറ്റസ് കീപ്‌ ചെയ്യാന്‍ വേണ്ടി ഞാന്‍ കത്തിയും മുള്ളും എടുത്തു. സമോസ കുത്തി എടുത്തു പ്ലെയിറ്റില്‍ വച്ചു. പ്ലാസ്റിക് കത്തി കൊണ്ട് സമോസ മുറിക്കാന്‍ ശ്രമിച്ചു. കത്തി വളഞ്ഞു പോകുന്നു. വളരെ കഷ്ടപ്പെട്ട് ഞാന്‍ അതു രണ്ടു പീസ്‌ ആക്കി.


ഇനിയും ഒരു വട്ടം കൂടെ അതു ആ പ്ലാസ്റിക് കത്തി വെച്ച് മുറിക്കാന്‍ ശ്രമിച്ചാല്‍ അതു തെറിച്ചു വെങ്കിടെഷിന്റെ പോക്കറ്റില്‍ വീഴും എന്ന് എനിക്ക് തോന്നി. അതു മാത്രമല്ല കാണുന്നവര്‍ വിചാരിക്കില്ലേ, ഇവന്‍ ഏതോ കണ്‍ട്രി കത്തിയും മുള്ളും ഉപയോഗിക്കനറിയാത്തവന്‍ എന്നൊക്കെ. അതുകൊണ്ട് എങ്ങനെയെങ്കിലും വായില്‍ കൊള്ളിച്ചു അതു വിഴുങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.


മുള്ളില്‍ കുത്തി എടുത്തു ഞാന്‍ സമോസ വായിലേക്ക് വെച്ചു. കുഴപ്പമില്ല.ചെറിയ ചോദൂ തോന്നി. പക്ഷെ അതൊരു പ്രശ്നം ആയി തോന്നിയില്ല. വായ നിരഞ്ഞിരിക്കുന്നോണ്ട് കടിക്കാന്‍ ഒരു ബുദ്ധിമുട്ടുണ്ട്. എന്നാലും കുഴപ്പമില്ല.


ഒന്ന് കടിച്ചു. ഉള്ളില്‍ ഉണ്ടായിരുന്ന ഉരുളക്കിഴങ്ങിലേക്ക് പല്ലുകള്‍ ആഴ്ന്നിറങ്ങി.
പിന്നെ കണ്ടത്, വെങ്കിടെഷ്  എന്നെ തുറിച്ചു നോക്കുന്നു. അവന്റെ മുഖത്ത് ഒന്നും മനസിലാകാത്ത ഒരു ഭാവം. കാരണം എന്റെ കണ്ണുകള്‍ രണ്ടും തുറിച്ചു വന്നിരിക്കുന്നു. (പഴയ തമിഴ് പടത്തിലെ വില്ലന്മാര്‍ എപ്പോളും നടക്കുന്നതുപോലെ.) വായ തുറന്നിരിക്കുന്നു. കണ്ണില്‍ നിന്നും വെള്ളം വരുന്നു. വായില്‍ നിന്നും ശക്തിയായി ശ്വാസം പുറത്തേക്കു വിടുന്നു.


ശരിക്കും എന്താണ് സംഭവിച്ചത് എന്ന് വെച്ചാല്‍ സമോസ നല്ല ചൂടുള്ളതായിരുന്നു. അതിന്റെ ഉള്ളിലെ ഉരുളക്കിഴങ്ങിനാകട്ടെ ഉള്ളിലെ ചൂട് മുഴുവന്‍ പുറത്തേക്കു വന്നത് ഞാന്‍ കടിച്ചപ്പോള്‍ ആയിരുന്നു. വായ നിറഞ്ഞിരിക്കുന്നതുകൊണ്ട്  വയുടെ ഉള്ളിലിട്ടു അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ചൂട് അഡ്ജസ്റ്റ് ചെയ്തു കുറക്കാന്‍ പറ്റിയില്ല. വായില്‍ നിറച്ചു നല്ലവണ്ണം തിളച്ച വെള്ളം ഒഴിച്ച അവസ്ഥയില്‍ ആയിപോയി ഞാന്‍. അപ്പോള്‍ ഞാന്‍ അറിയാതെ കണ്ണ് തുറിച്ചു വന്നു. വായില്‍ നിറച്ചു സമോസയുമായി വായ തുറന്നു കണ്ണില്‍ നിന്നു വെള്ളവും വന്നിരിക്കുന്ന എന്നെ കണ്ടു അപ്പുറത്തും ഇപ്പുറത്തും ഉള്ള ആളുകള് എത്തിനോക്കാന്‍ തുടങ്ങി. അവര്‍ക്ക് തോന്നിയിട്ടുണ്ടാകുക ഒരു സമോസയോടു ഇത്ര ആക്രാന്തം കാട്ടുന്ന ഇവന്‍ ആരെടാ എന്നായിരിക്കും.
എനിക്ക് വിളിച്ചു പറയണം എന്നുണ്ടായിരുന്നു. ദിസ് ഈസ് നോട് ആക്രാന്തം. ദിസ് ഈസ്‌ ബികോസ് ഓഫ് ചൂട്. പക്ഷെ എന്ത് ചെയ്യാം വായില്‍ നിറച്ചും സമോസ ഇരിക്കുന്നത് കൊണ്ട് എനിക്ക് വായ അനക്കാന്‍ പറ്റുന്നില്ല!


കുറച്ചു മുന്‍പ് ഞാന്‍ മനസ്സില്‍ കണ്‍ട്രീസ്‌ എന്ന് വിളിച്ച ആ മല്ലുസ് പോലും അപ്പോള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു, ഇത്ര ആക്രാന്തം പിടിച്ച ഇവന്‍ ആരെടാ എന്ന മട്ടില്‍. കൂടുതല്‍ ആളുകള്‍ക്ക് അങ്ങനെ ഫ്രീ ഷോ കാണിക്കണ്ട എന്ന് വെച്ച് ഞാന്‍ രണ്ടും കല്‍പ്പിച്ചു വായ അടച്ചു സമോസ ഇറക്കി. ഒരു കനല്‍ക്കട്ട വിഴുങ്ങിയതുപോലെ തോന്നി. അറിയാതെ ആ എന്ന് നിലവിളിച്ചു പോയി. വായും തൊണ്ടയും മൊത്തം പൊള്ളി. അതിന്റെ അഫ്റെര്‍ എഫെക്റ്റ് ആണ് ആയിലുടെ പുറത്തേക്കു വന്നത്.


വെങ്കിടെഷ്  ചോദിച്ചു "വാട്ട് ഹാപ്പെന്റ്?" വായില്‍ വന്നത് ചീത്തയാണ്‌. പക്ഷെ അതു പിന്നൊരിക്കല്‍ പറയാം എന്ന് കരുതി മാറ്റി വെച്ച് ഞാന്‍ പറഞ്ഞു. " സമോസ വാസ് സൊ ഹോട്ട്"


മല്ലുസിനെ മനസിലെങ്കിലും കളിയാക്കി ചിരിച്ചതിനു എനിക്ക് കിട്ടിയ ശിക്ഷ! എങ്കിലും എന്റെ സമോസേ..!







Thursday, April 15, 2010

ആ മൊബൈലും ഈ മൊബൈലും

ഈ മൊബൈലില്‍ നിന്നും ആ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍......
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍.......

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകള്‍..

ഈ മൊബൈലില്‍ നിന്നും മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്....
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്‍....

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകളും റിസീവ്ട് കോളുകളും...

ഈ മൊബൈല്‍ ആ മൊബൈലിനെ കാണാന്‍ പോയി...
ആ മൊബൈല്‍ ഈ മൊബൈലിനെ കാണാന്‍ പോയി...

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ പോയിക്കൊണ്ടേയിരുന്നു.....

പത്തു മാസം കഴിഞ്ഞപ്പോള്‍ ഈ മൊബൈല്‍ ആ മൊബൈലിന് 'ബ്രാന്‍ഡ്‌ ' ഇല്ലാത്ത ഒരു സിം സമ്മാനമായി നല്‍കി വേറെ 'ആ മൊബൈലിലേക്ക് ' മിസ്സ്‌ കോള്‍ അടിക്കാന്‍ പോയി...

Wednesday, January 27, 2010

ദീപസ്തംഭം ...., എനിക്കും വേണം കമന്റ്

ബ്ലോഗര്‍ ആവുക എന്നത് എന്റെ ജന്മാഭിലാഷം ഒന്നും അല്ല. പക്ഷേ കുറെ ആളുകള്‍ ഇങ്ങനെ ബൂലോകത്ത് കിടന്നു വിലസുമ്പോള്, അവര്‍ എഴുതുന്നതൊക്കെ വായിച്ച് ബൂലോകര്‍ രസിക്കുമ്പോള്‍ എനിക്ക് ഒരു ചെറിയ അസൂയ തോന്നി. അങ്ങനെ ഞാനും തീരുമനിച്ചു ഒരു ബ്ലോഗ് തുടങ്ങി നിങ്ങളെ 'സേവിക്കാന്‍ !' എന്റെ ബ്ലോഗിനിടുന്ന പേര്, എന്റെ സ്വഭാവത്തോടും വികാരത്തൊടും യോജിക്കുന്നതാകേണ്ടതിനാലാണു ഇങ്ങനെ ഒരു പേരു തിരഞ്ഞെടുത്തത്. ആര്‍ക്കെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കില്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്യാവുന്നതാണ്.

ഇനി ഞാന്‍ ബ്ലോഗി ബ്ലോഗി നിങ്ങളെ ഒരു വഴിക്കാക്കാന്‍ ശ്രമിക്കട്ടെ... കൊണ്ഗ്രസില്‍ നിന്നും പുറത്തായ കെ. കരുണാകരന്റെ അവസ്ഥയില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോള്‍ ഒരു മോഹം - ബൂലോകത്ത് ഒന്നു ബ്ലോഗണം. ബ്ലോഗിങ് പഠിക്കാന്‍ പോകാന്‍ ഒരു സിംഹത്തിന്റെ മടയും ഇല്ല. പിന്നെ എന്താ ചെയ്യുക? മോഷ്ടിക്കുന്നത് ഒരു പാപം ആണ് എന്ന് വിശ്വസിക്കതതിനാല്‍ അങ്ങനെ ഒരു ബ്ലോഗര്‍ ആകാം എന്ന് വിചാരിച്ചു. പക്ഷേ അപ്പോള്‍ ഉള്ള പ്രശ്നം ഫേമസ് ആയ ബൂലോക ബ്ലോഗുകളില്‍ നിന്നും ചൂണ്ടിയാല്‍ അത് പെട്ടന്ന് പിടിക്കപെടും. പിന്നെ ഓര്‍ത്തു ഇംഗ്ലിഷ് ബ്ലോഗുകളില്‍ തപ്പി നോക്കാം എന്ന്. പക്ഷേ എന്ത് ചെയ്യാം ഗാന്ധിജിയെ അനുകരിച്ചു വിദേശ വസ്തുക്കള്‍ ബഹിഷകരിച്ച കൂട്ടത്തില്‍ വിദേശ ഭാഷയെയും ബഹിഷ്കരിച്ചിരുന്നു!

പിന്നെയും കണ്ഫ്യുഷന്‍സ്; ബ്ലോഗിന് എന്ത് പേരിടും എനിക്ക് ഞാന്‍ എന്ത് പേരിടും അങ്ങനെ അങ്ങനെ. ബ്ലോഗിന്റെ പേര് നന്നാക്കണോ എന്റെ പേര് നന്നാക്കണോ. ശ്രീശാന്ത്‌ എറിയാന്‍ വരുമ്പോ ബാറ്റ്സ്മാനുള്ള കണ്ഫ്യുഷന്‍ പോലെ, ശ്രീശാന്തിനിട്ടു അടിക്കണോ അതോ പന്തിനിട്ടു അടിക്കണോ... എന്നിട്ട് കണ്ഫ്യുഷന്‍ തീര്‍ന്നിട്ടാണ് ഇപ്പോള്‍ ഇങ്ങനെ ഒരു പേരൊക്കെ ഇട്ടിരിക്കുന്നത് എന്ന് വിചാരിക്കുകയൊന്നും വേണ്ട. ഇവിടെ ബ്ലോഗുന്ന എല്ലാവരെയും പോലെ എന്റെയും ഉദ്ദേശം ഒന്നേ ഉള്ളു; ദീപസ്തഭം ....., എനിക്കും കിട്ടണം കമന്റ്, ഹിറ്റ്സ്, ഇ റ്റി സി...

ഇത്രയും ടൈപ് ചെയ്തു കഴിഞ്ഞു ഞാന്‍ തല പൊക്കി എന്റെ മാനേജരെ ഒന്നു നോക്കി. ഹോ പുള്ളി ഭയങ്കര ഹാപ്പി. പതിവില്ലാതെ ഇവന്‍ ഇന്ന് എന്തൊക്കെയോ പണി എടുക്കുന്നു എന്ന് വിചാരിച്ചിട്ടാരിക്കും. പക്ഷേ ഞാന്‍ ഇവിടെ ഇത് ടൈപ്പ് ചെയ്യുകയാണെന്ന് അവനു അറിയില്ലല്ലോ, പാവം. എന്റെ സ്വഭാവം അറിയവുന്നോണ്ടാരിക്കും അവന്‍ പറഞ്ഞത് ഇടയ്ക്കു ഇന്റര്‍നെറ്റ്‌ കംപ്ലൈന്റ്റ്‌ ആയപ്പോള്‍ ആണ് കമ്പനിയില്‍ പ്രൊഡക്ഷന്‍ കൂടിയത് എന്ന്. ഇത് വായിച്ചു നിങ്ങള്‍ക്ക് ഇത്രയും ബോറടിച്ചെങ്കില്‍, ഇത് മുഴുവന്‍ എഴുതി ഉണ്ടാക്കിയ എന്റെ ബോറടി നിങ്ങള്‍ ഒന്നു ആലോചിച്ചു നോക്കൂ. പാവം ഞാന്‍ അല്ലേ?

എന്തായാലും ഇനിയും നിങ്ങളെ ബോറടിപ്പിക്കാന്‍ ഞാന്‍ വരും. പക്ഷേ ഒരു കണ്ടീഷന്‍ എല്ലാവരും കമന്റിടണം. ഇപ്പോള്‍ നിങ്ങള്‍ മനസ്സില്‍ വിചാരിച്ചത് എന്താണെന്നു എനിക്കറിയാം, ഹോ ഭാഗ്യം കമന്റിട്ടില്ലെങ്കില്‍ ഇവന്റെ ശല്യം ഇനി ഉണ്ടാകില്ലല്ലോ എന്നല്ലേ? പക്ഷേ നടക്കൂല കമടിട്ടില്ലെങ്കില്‍ നിങ്ങളെ കൊണ്ട് കമന്റ് ഇടീക്കാന്‍ ഞാന്‍ വരും, ഇടുന്നത് വരെ വരും. കളരി പരമ്പര ദൈവങ്ങള്‍ആണേ, ബൂലോകം ആണേ, സത്യം ആസത്യം അസത്യം...