Monday, January 10, 2011

ബീ പ്രാക്ടിക്കല്‍ അഥവാ പ്രവാസിയുടെ ഒരു ദിവസം



രാവിലെ ഫോണിലെ അലാറം പതിയെ വിളിച്ചു "മോനേ ഓഫീസില്‍ പോകേണ്ടേ, എഴുന്നേല്‍ക്കൂ" (ബീപ്........................ബീപ്‌............................ബീപ്..........)

ആര് മൈന്‍ഡ്‌ ചെയ്യാന്‍ പുതപ്പ് തലയില്‍ കൂടെ വലിച്ചിട്ട് ഒച്ചപ്പാടില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു. അലാറത്തിന്റെ ഭാവം മാറി, കുറച്ചു സൌണ്ട് കുറച്ചു കൂടി കൂട്ടി

"ഡാ നിന്നോടാ എഴുന്നേല്‍ക്കാന്‍ പറഞ്ഞേ" (ബീപ്....ബീപ്‌....ബീപ്‌....ബീപ്‌)

എന്നാല്‍ ഉറക്കം അലാറത്തിന്റെ സൌണ്ട് മാറ്റം ശ്രദ്ധിക്കാന്‍ കൂട്ടാക്കിയില്ല. ഒന്ന് കൂടെ ചുരുണ്ട് കൂടി, പുതപ്പിനടിയിലേക്ക്.

"പ്ഫാ.. കഴ്വര്ടെ മോനെ എഴുന്നെല്‍ക്കെടാ" (ബീപ് ബീപ് ബീപ് ബീപ് ബീപ് ബീപ് ബീപ്...)

ഉറങ്ങുന്നോന്റെ തന്തക്ക് വിളിച്ചതിന് അവനിട്ടൊരു അടി. ഹ്മും അത് ഗുണം ചെയ്തു. പിന്നെ അവന്‍ മിണ്ടീല.

ഐശ്വര്യാ റായി ബെഡ് കാപ്പിയുമായി വരുന്ന സ്വപ്നവും കണ്ടു (ദയവായി ആരും ലിങ്ക് 'ബച്ചന്‍സ്'നു ഫോര്‍വേഡ്‌ ചെയ്യരുത്. ലോക്കല്‍ ഐശ്വര്യാ റായിമാരുടെ ആങ്ങളമാര്‍ തന്നെ ആവശ്യത്തിന് തരുന്നുണ്ട്!) സുഖകരമായ ഉറക്കം.

അങ്ങനെ സ്വപ്നം കാണുന്നതിനിടയില്‍ അതാ ഐശ്വര്യാ റായിയുടെ മുഖം മാറി മാറി വരുന്നു. അതിന്റെ സ്ഥാനത്ത്‌ വേറെ ഒരു വൃത്തികെട്ട മുഖം.

ഹോ... സ്വപ്നത്തില്‍ വരെ മോര്‍ഫിങ്ങോ. ടെക്നോളജിയുടെ ഒരു പുരോഗമനമേ..!

എവിടെയോ കണ്ടു നല്ല പരിചയമുള്ള മുഖം.

ഹെന്‍റമ്മച്ചീ.......... ഇത് എന്റെ മാനേജരല്ലേ.. ചാടിയെഴുന്നേറ്റു കണ്ണ് തുറന്നു ക്ലോക്കില്‍ നോക്കി. സാധാരണ എഴുന്നേല്‍ക്കുന്നതിലും അരമണിക്കൂര്‍ ലേറ്റ്.

അയ്യോ ഇന്നാണല്ലോ വലിയൊരു കമ്പനിയുടെ അതിനേക്കാള്‍ വലിയ ഒരറബിയുമായി മീറ്റിംഗ്. കൃത്യസമയത്ത് ഓഫീസില്‍ എത്തണം എന്ന് ഇന്നലെ പോരുമ്പോള്‍ കൂടെ മാനേജര്‍ പറഞ്ഞതാരുന്നു. കുടുങ്ങിയല്ലോ ഭഗവാനേ.

പക്ഷേ ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ. ഞാന്‍ എന്നിലെ പ്രൊഫഷനലിസത്തെ ഉണര്‍ത്തി.

എന്തായാലും പരമാവധി വേഗം പോകാന്‍ നോക്കാം.

വേഗം ബ്രഷ് എടുത്തു പേസ്റ്റു പുരട്ടി ബാത്ത്റൂമിലേക്ക്‌ ഓടി. കണ്ണാടിയുടെ മുന്നില്‍ നിന്ന് ബ്രഷ് വായിലേക്കിട്ടു ഒന്നങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു. ഒരരുചി..

ബ്രഷ് പുറത്തെടുത്തു നോക്കി

ടൂത്ത്‌ പേസ്റ്റിനു പകരം ഷേവിംഗ് ക്രീം...

വേഗം വായും ബ്രഷും കഴുകി പേസ്റ്റ് എടുക്കാന്‍ ചെന്നു. അതിനകത്തൊന്നുമില്ല, വെറും ട്യുബ് മാത്രം. ഞെക്കി ഞെക്കി അവസാനം ഉണ്ടാരുന്നു ഒരു തുള്ളി പുറത്തു വരുത്തി ബ്രഷില്‍ തേച്ചു.

ബ്രഷ് ചെയ്തു. ഇനി കുളി. നല്ല തണുപ്പുള്ള ഈ ജനുവരിയില്‍ കുളിക്കാന്‍ താത്പര്യമുണ്ടായിട്ടല്ല, ഓഫീസില്‍ അടുത്തിരിക്കുന്ന ഫിലിപ്പിനോ പെങ്കൊച്ചിനെ ഓര്‍ത്തു മാത്രം ചെയ്യുന്നതാണ്‌.

ഷവറില്‍ നിന്ന് ചൂടും തണുപ്പും മിക്സായി എന്റെ പാകത്തിന് വെള്ളം വരാന്‍ കണക്കിന് സെറ്റ്‌ ചെയ്തു. എന്നിട്ട് ഷവറിന്റെ അടിയില്‍ നിന്ന് ഇളം ചൂട് ആസ്വദിച്ചു നനഞ്ഞു.

ഷവര്‍ ഓഫാക്കി ദേഹത്തും തലയിലും സോപ്പ് പതപ്പിച്ചു. പിന്നെ വീണ്ടു ഷവറിന്റെ ചോട്ടിലേക്ക്. പൈപ്‌ തുറന്നു. ഏതാനും തുള്ളി വെള്ളം വന്നു അതവിടെ നിന്നു!

വായില്‍ വന്നത് നല്ല പച്ചത്തെറി.

പക്ഷേ ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ. ഞാന്‍ എന്നിലെ പ്രൊഫഷനലിസത്തെ വീണ്ടും ഉണര്‍ത്തി.

യുറേക്കാ... (ഇത് കണ്ടു ആരും തെറ്റിദ്ധരിക്കല്ല്, ഞാന്‍ അതെ വേഷത്തില്‍ പോകാന്‍ തീരുമാനിച്ചു എന്ന്)

അതാ അവിടെ മൂടി വെച്ച ബക്കറ്റില്‍ വെള്ളം ഇരിക്കുന്നു. അത് മതി എനിക്ക് ബാക്കി കുളിക്ക്.

ബക്കറ്റിന്റെ മൂടി തട്ടിതെറിപ്പിച്ച് വെള്ളം തലയിലേക്ക് കമിഴ്ത്തി

"ഹൂ... ഹീ.. ഹാ"

മായാവി വരാന്‍ രാജുവും രാധയും മന്ത്രം ജപിച്ചതല്ല; ജനുവരിയിലെ തണുപ്പില്‍ ഐസ് വെള്ളം ദേഹത്തു വീണവന്റെ രോധനമാണ്.

ഹോ.... നേരത്തെ പിടിച്ചു വച്ച വെള്ളത്തിനൊക്കെ ഇത്രേം തണുപ്പുണ്ടാകുവോ?

ഒരുവിധത്തില്‍ കുളിയും കഴിച്ച് ഡ്രെസ്സും വലിച്ചു കേറ്റി പുറത്തേക്കിറങ്ങി.

സാധാരണ ഇറങ്ങുന്നതില്‍ നിന്നും പത്തു മിനിറ്റേ ലേറ്റ് ആയിട്ടുള്ളൂ. കമ്പനി വണ്ടി പോയിക്കാണുമോ ആവോ? സാധാരണ വണ്ടിക്കു വെയിറ്റ്‌ ചെയ്യുന്നിടത്ത് എത്തി. എന്തായാലും ഡ്രൈവറെ വിളിച്ചു നോക്കാം എന്ന് വിചാരിച്ചു മൊബൈല്‍ എടുത്തു കോള്‍ ചെയ്തു.

"യു ഹാവ്‌ നോട്ട് സഫിഷ്യന്റ് ബാലന്‍സ്‌ റ്റു മേയ്ക് എ കാള്‍ "

ഹും എനിക്ക് ബാലന്സില്ലെങ്കില്‍ ഞാന്‍ ഇടുമെടീ പുല്ലേ. (ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ എന്ന പ്രൊഫഷനലിസത്തിന്റെ മറ്റൊരു വേര്‍ഷന്‍!)

നേരെ അടുത്ത് കണ്ട ഷോപ്പിലേക്ക് ചെന്നു. ഒരു അഞ്ചു ദിനാറിന്റെ കാര്‍ഡ്‌ തരാന്‍ പറഞ്ഞു. കടക്കാരന്‍ കാര്‍ഡ്‌ എടുക്കുന്നതിനിടെ ഞാന്‍ പൈസക്കായി പേഴ്സ് എടുക്കാന്‍ പാന്റ്സിന്റെ ബാക്ക് പോക്കറ്റില്‍ കയ്യിട്ടു.

കാലി...

അതേ, പെഴ്സെടുക്കാന്‍ മറന്നു പോയിരിക്കുന്നു, തിരക്കിനിടയില്‍ .

പക്ഷേ ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ. ഞാന്‍ എന്നിലെ പ്രൊഫഷനലിസത്തെ ഒന്നുകൂടി ഉണര്‍ത്തി. (അല്ലാതെന്തു ചെയ്യാന്‍..)

ഇനിയിപ്പോ പോയി പെഴ്സെടുത്തു തിരിച്ചു വരുമ്പോഴേക്കും ഒത്തിരി ലേറ്റ് ആകും. ടാക്സി വിളിച്ചു പോയി ഓഫീസില്‍ നിന്ന് ആരുടെയെങ്കിലും കയ്യില്‍ നിന്നും വാങ്ങി കാശു കൊടുക്കാം.

അങ്ങനെ ടാക്സി കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറിയിരുന്നു. മൊബൈല്‍ എടുത്തു സമയം നോക്കി. ഓഫീസില്‍ എത്തേണ്ട സമയം ഇപ്പോള്‍ തന്നെ ആയിരിക്കുന്നു. സാരമില്ല ഏറിയാല്‍ പത്തു പതിനഞ്ചു മിനിറ്റ് മതി ഓഫീസില്‍ എത്താന്‍.

ഡ്രൈവിംഗ് ലൈസന്‍സ്‌ ഉണ്ടാരുന്നേല്‍ കമ്പനി കാറ് തന്നേനെ. ശ്രമിക്കാഞ്ഞിട്ടല്ല, കിട്ടാത്തോണ്ടാണ്.

രണ്ടു ടെസ്റ്റ്‌ ഓള്‍റെഡി പൊട്ടി. എന്റെ കുഴപ്പം കൊണ്ടല്ല.
എന്നെ ടെസ്റ്റ്‌ ചെയ്ത ഇന്‍സ്പെക്ടര്‍മാരുടെ കുഴപ്പം കൊണ്ടാണ്!
അവര് പറയുന്നു ചുവന്ന ലൈറ്റ്‌ കത്തി കിടന്നാല്‍ അവിടെ വണ്ടി നിര്‍ത്തണം എന്ന്.

പക്ഷെ ഞങ്ങടെ നാട്ടിലൊക്കെ അങ്ങനെയല്ല. ചുവന്ന ലൈറ്റ്‌ കത്തി കിടന്നാല്‍ , 'ഈ പട്ടാപകലും ലൈറ്റ്‌ കെടുത്താത്ത കെ.എസ്.ഇ.ബിയെ കുറ്റവും പറഞ്ഞു' ഞങ്ങള്‍ വണ്ടി എടുത്തു പോകും.

ഇവിടുത്തെ ഓരോരോ നിയമങ്ങളേ!

എന്തായാലും ഓഫീസില്‍ എത്തി. അവിടെ നിന്ന് ഒരു സഹപ്രവര്‍ത്തകന്റെ കയ്യില്‍ നിന്നും വാങ്ങി കാശു കൊടുത്തു. ഓടി പോയി എന്റെ സീറ്റില്‍ ഇരുന്നു.

മൊബൈല്‍ എടുത്തു സമയം നോക്കി. വലിയ കുഴപ്പമില്ല. 15 മിനിറ്റ് മാത്രമേ ലേറ്റ് ആയിട്ടുള്ളൂ. എന്തായാലും ചെറിയ തെറിക്കുള്ള സ്കോപ്പേ മാനേജര്‍ക്ക് കിട്ടൂ. സാധാരണ പതിവില്ലാത്തതാണ് ഇങ്ങനെ.

ഞാന്‍ വലിയ തെറിക്കുള്ള സ്കോപ്പാണ് മിക്കവാറും ഉണ്ടാക്കാറുള്ളത്!

സാധാരണ എന്നെ തെറി വിളിച്ചു കഴിഞ്ഞാല്‍ ആ വായ ക്ലീനാക്കാന്‍ അങ്ങേരു ഹാര്‍പിക്കോ മറ്റോ യൂസ് ചെയ്യേണ്ടി വരും!

മാനേജരുടെ ക്യാബിന്‍ അടഞ്ഞാണു കിടക്കുന്നത്. അകത്തുണ്ടാകും.

ഞാന്‍ സിസ്റ്റം ഓണ്‍ ചെയ്തു. 

സാധാരണ ആദ്യം ഓപ്പണ്‍ ചെയ്യുക പെഴ്സണല്‍ മെയിലാണ്. പിന്നെ ബ്ലോഗുകള്‍ , പത്രം, എല്ലാം 
കഴിഞ്ഞു സമയമുണ്ടേല്‍ ഒഫീഷ്യല്‍ മെയിലും പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും. 
ഇതാണ് നമ്മുടെ ഒരു റുട്ടീന്‍. 

ഇന്ന് പക്ഷേ ഇപ്പോള്‍ തന്നെ പുറത്തു പോകണം എന്നുള്ളതുകൊണ്ട് ആദ്യം തന്നെ ഒഫീഷ്യല്‍ മെയില്‍ ഓപ്പണ്‍ ചെയ്തു.

ആദ്യം തന്നെ മാനേജരുടെ മെയിലാണ് കണ്ടത്. വേഗം ഓപ്പണ്‍ ചെയ്തു വായിച്ചു.

"എനിക്ക് സുഖമില്ലാത്തതുകൊണ്ട് ഇന്നത്തെ മീറ്റിംഗ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നു"

പുള്ളി രാവിലെ തന്നെ അയച്ച മെയിലാണ്. രാവിലെ വീട്ടില്‍ നിന്ന് ഒന്ന് മെയില്‍ ചെക്ക്‌ ചെയ്തിരുന്നെങ്കില്‍ .....

പക്ഷേ,  ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ.....

11 comments:

  1. ഇതു വായിച്ചു ബോറടിച്ചു കഴിയുമ്പോള്‍....

    എന്നെ തല്ലിക്കൊല്ലാന്‍ തോന്നുമ്പോള്‍.....

    ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിക്കൂ

    ReplyDelete
  2. വേഗം ബ്രഷ് എടുത്തു പേസ്റ്റു പുരട്ടി ബാത്ത്റൂമിലേക്ക്‌ ഓടി. കണ്ണാടിയുടെ മുന്നില്‍ നിന്ന് ബ്രഷ് വായിലേക്കിട്ടു ഒന്നങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു. ഒരരുചി..

    ബ്രഷ് പുറത്തെടുത്തു നോക്കി

    ടൂത്ത്‌ പേസ്റ്റിനു പകരം ഷേവിംഗ് ക്രീം..!!!!!!!

    ഇവിടെ നല്ലോണം ചിരിച്ചു!!
    (പിറകേ നടന്ന് ബോറടിപ്പിക്കുന്നതില്‍ ചേര്‍ന്നതില്‍ കാര്യമുണ്ടായി..)

    ReplyDelete
  3. "പക്ഷെ ഞങ്ങടെ നാട്ടിലൊക്കെ അങ്ങനെയല്ല. ചുവന്ന ലൈറ്റ്‌ കത്തി കിടന്നാല്‍ , 'ഈ പട്ടാപകലും ലൈറ്റ്‌ കെടുത്താത്ത കെ.എസ്.ഇ.ബിയെ കുറ്റവും പറഞ്ഞു' ഞങ്ങള്‍ വണ്ടി എടുത്തു പോകും" - അതെനിക്കിഷ്ടപ്പെട്ടു...

    ReplyDelete
  4. @ Jishad

    നന്ദി..

    @ നിശാസുരഭി
    നന്ദി.. വായനക്കും കമന്റിനും..

    @ Jenith Kachappailly
    നന്ദി.. ഇനിയും വരണം..

    ReplyDelete
  5. "രണ്ടു ടെസ്റ്റ്‌ ഓള്‍റെഡി പൊട്ടി. എന്റെ കുഴപ്പം കൊണ്ടല്ല.
    എന്നെ ടെസ്റ്റ്‌ ചെയ്ത ഇന്‍സ്പെക്ടര്‍മാരുടെ കുഴപ്പം കൊണ്ടാണ്!
    അവര് പറയുന്നു ചുവന്ന ലൈറ്റ്‌ കത്തി കിടന്നാല്‍ അവിടെ വണ്ടി നിര്‍ത്തണം എന്ന്.

    പക്ഷെ ഞങ്ങടെ നാട്ടിലൊക്കെ അങ്ങനെയല്ല. ചുവന്ന ലൈറ്റ്‌ കത്തി കിടന്നാല്‍ , 'ഈ പട്ടാപകലും ലൈറ്റ്‌ കെടുത്താത്ത കെ.എസ്.ഇ.ബിയെ കുറ്റവും പറഞ്ഞു' ഞങ്ങള്‍ വണ്ടി എടുത്തു പോകും.

    ഇവിടുത്തെ ഓരോരോ നിയമങ്ങളേ!"

    നന്നായിട്ടുണ്ട്, അല്ല പിന്നെ ഓരോ നിയമങ്ങളെ...

    ReplyDelete
  6. ഫെമിനാ

    നന്ദി.. വായനക്കും കമന്റിനും..
    ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നു..

    ReplyDelete
  7. @ jayarajmurukkumpuzha
    നന്ദി.. സന്ദര്‍ശനത്തിനും കമന്റിനും..

    ReplyDelete
  8. ബോറന്‍ എന്ന പേരാണ് ആദ്യം ശ്രദ്ധയില്‍ പെട്ടത്. അത് വഴി പ്രൊഫൈലില്‍ എത്തിയപ്പോള്‍ അവിടെ മൊത്തം ഉള്ള വാക്കുകളില്‍ 90 ശതമാനവും ബോറ് എന്ന വാക്ക് കണ്ടു! ശ്രദ്ധിച്ചു വായിക്കുക... ബോറ് എന്ന വാക്ക്. അല്ലാതെ ബോറ് കണ്ടു എന്നല്ല. പിന്നെ കണ്ടത് 'ബോറടിപ്പിക്കാന്‍ ഒരു ബ്ലോഗ്‌' എന്ന് സ്വയം പേരിട്ട ഒരു ബ്ലോഗ്‌... വായിക്കാതെ പോകാന്‍ തോന്നിയില്ല. വായന കഴിഞ്ഞപ്പോള്‍ മനസ്സിലായി. നിങ്ങള്‍ക്ക് ഒരു കുന്തവും അറിയില്ലെന്ന്! അല്ലെങ്കില്‍ ഇത്ര നന്നായി ബോറടി മാറ്റുന്ന ഒരു ബ്ലോഗിന് ഇങ്ങനെ ഒരു പേര് ഇടുവോ?
    പിന്നെ പറ്റിയതോ പറ്റി. ബീ പ്രാക്ടിക്കല്‍ അടുത്ത ഓപ്ഷന്‍ ഏതാണെന്ന് ചിന്തിച്ചപ്പോള്‍ ഓര്‍ത്തു, കൂടെ അങ്ങ് കൂടിയേക്കാം എന്ന്.!
    എഴുത്ത് നിര്‍ത്തരുത്. നര്‍മ്മം എഴുതാനുള്ള ബുദ്ധിമുട്ട് നന്നായി മനസ്സിലാവുന്നവനാണ് ഞാനും. അത് മനസ്സിലാക്കി തന്നെ പറയുന്നു. ഇനിയും ഒരുപാട് മുന്നോട്ടു പോകം..

    ReplyDelete
  9. @ആളവന്‍താന്‍

    ഞാന്‍ കുറച്ചു പൊങ്ങിപ്പോയോ എന്നൊരു സംശയം. :)

    വളരെ നന്ദി, സന്ദര്‍ശനത്തിനും വിശദമായ കമന്റിനും.

    ReplyDelete
  10. ഇത് സംഭവം കൊള്ളാല്ലോ ഗഡീ ..

    ReplyDelete