Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, March 2, 2011

ഒളിച്ചോടിയ അപ്പൂപ്പനും അമ്മൂമ്മയും


ഒരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു.


അവര് ചെറുപ്പത്തില്‍ പ്രേമിച്ചു ഒളിച്ചോടിപ്പോന്നവരാണ്.


ഒരു ടിപ്പിക്കല്‍ പ്രേമകഥ.

അമ്മൂമ്മ പണക്കാരന്റെ മകള്‍. അപ്പൂപ്പന്‍ കൂലിപ്പണിക്കാരന്‍. വീട്ടുകാരുടെ എതിര്‍പ്പ്, ഒളിച്ചോട്ടം, കല്യാണം.


പിന്നെയും കുറെ ടിപ്പിക്കല്‍ കാര്യങ്ങള്‍..


അവര്‍ക്ക് മക്കളുണ്ടായി.


രണ്ടു പേരും എല്ല് മുറിയെ പണിയെടുത്തു അവരെ വളര്‍ത്തി പഠിപ്പിച്ചു ജോലിക്കാരാക്കി വിവാഹം കഴിപ്പിച്ചു.
 അവരുടെ മക്കള്‍ക്കും മക്കളുണ്ടായി. കൂടുതല്‍ ജീവിത സൌകര്യങ്ങള്‍ക്കു വേണ്ടി മക്കള്‍ ദൂരെ മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കായി പോയി.

അപ്പൂപ്പനും അമ്മൂമ്മയും വീണ്ടു ഒറ്റക്കായി.


അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒത്തിരി വയസായി. അപ്പോള്‍ മക്കളെല്ലാവരും ഒരുമിച്ചു തിരിച്ചു വന്നു. അവര്‍ തീരുമാനിച്ചു;


അപ്പൂപ്പനും അമ്മൂമ്മയും എല്ല് മുറിയെ പണിയെടുത്തുണ്ടാക്കിയ സ്വത്ത്‌ വില്‍ക്കാനും അവരെ 'വയസന്‍മാരുടെ ജെയിലില്‍ ' അഥവാ 'ഓള്‍ഡ്‌ ഏജ്‌ ഹോമില്‍' ആക്കാനും.




അപ്പൂപ്പനും അമ്മൂമ്മയ്ക്കും അത് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ , ജീവനെപ്പോലെ സ്നേഹിക്കുന്ന മക്കളെ വേദനിപ്പിക്കാനും അവര്‍ക്കിഷ്ടമല്ലായിരുന്നു!


അതുകൊണ്ട് അവര്‍ തീരുമാനിച്ചു; വീണ്ടും ഒളിച്ചോടാന്‍!


പണ്ട് പതിനേഴും ഇരുപതും വയസുണ്ടായിരുന്നപ്പോള്‍ ചെയ്തതുപോലെ ഈ എണ്‍പതും എണ്‍പത്തിമൂന്നും വയസുള്ളപ്പോഴും..


അന്നത്തെപ്പോലെ തന്നെ, എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ രാത്രി രണ്ടു മണിക്ക് അപ്പൂപ്പന്റെ കൈ പിടിച്ചു അമ്മൂമ്മ ഇറങ്ങി...


അനശ്ചിതത്വത്തിലേക്ക്.. അനന്തതയിലേക്ക്..


എന്നാല്‍ പണ്ടത്തെപ്പോലെ തന്നെ രണ്ടുപേര്‍ക്കും ഒട്ടും പേടിയുണ്ടായിരുന്നില്ല.. കാരണം അന്നത്തെപ്പോലെ തന്നെ രണ്ടു പേര്‍ക്കും പരസ്പരം അത്രയ്ക്കും വിശ്വാസമുണ്ടായിരുന്നു.

Thursday, April 15, 2010

ആ മൊബൈലും ഈ മൊബൈലും

ഈ മൊബൈലില്‍ നിന്നും ആ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍......
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു മിസ്സ്ഡ് കോള്‍.......

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകള്‍..

ഈ മൊബൈലില്‍ നിന്നും മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്....
ആ മൊബൈലില്‍ നിന്നും ഈ മൊബൈലിലേക്ക് ഒരു റിസീവ്ട് കോള്‍....

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മിസ്സ്ഡ് കോളുകളും റിസീവ്ട് കോളുകളും...

ഈ മൊബൈല്‍ ആ മൊബൈലിനെ കാണാന്‍ പോയി...
ആ മൊബൈല്‍ ഈ മൊബൈലിനെ കാണാന്‍ പോയി...

പിന്നെ അങ്ങോട്ടും ഇങ്ങോട്ടും കാണാന്‍ പോയിക്കൊണ്ടേയിരുന്നു.....

പത്തു മാസം കഴിഞ്ഞപ്പോള്‍ ഈ മൊബൈല്‍ ആ മൊബൈലിന് 'ബ്രാന്‍ഡ്‌ ' ഇല്ലാത്ത ഒരു സിം സമ്മാനമായി നല്‍കി വേറെ 'ആ മൊബൈലിലേക്ക് ' മിസ്സ്‌ കോള്‍ അടിക്കാന്‍ പോയി...